🌾 കേരള കാർഷിക സർവ്വകലാശാലയുടെ ഈ ആഴ്ചത്തെ (സെപ്റ്റംബർ 24-30) വിളപരിപാലന നിർദ്ദേശങ്ങൾ

 


🌾 കാർഷിക സർവ്വകലാശാലയുടെ ഈ ആഴ്ചത്തെ വിളപരിപാലന നിർദ്ദേശങ്ങൾ (സെപ്റ്റംബർ 24 - 30)

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെൻ്റർ കർഷകർക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ കാർഷിക നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്. നെല്ല്, പച്ചക്കറി, തെങ്ങ്, ജാതി തുടങ്ങിയവയിലെ പ്രധാന പരിചരണ മുറകൾ ഇതിൽ ഉൾപ്പെടുന്നു.

🌾 നെൽകൃഷിയിലെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ചാഴി നിയന്ത്രണം: നെല്ലിലെ ചാഴിയെ നിയന്ത്രിക്കാൻ 1 ലിറ്റർ വെള്ളത്തിൽ 2 മി.ലി മാലത്തിയോൺ എന്ന തോതിൽ കലക്കി തളിക്കുക. പരാഗണത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ രാവിലെ 9 മണിക്ക് മുൻപോ വൈകിട്ട് 3 മണിക്ക് ശേഷമോ വേണം മരുന്ന് തളിക്കാൻ.
  • വിത്ത് മുളപ്പിക്കൽ: കുതിർത്ത വിത്തുകൾ വെള്ളം വാർത്ത് കളഞ്ഞ് ചൂടും ഈർപ്പവുമുള്ള സ്ഥലത്ത് മുളയ്ക്കാൻ വയ്ക്കുക. നനച്ച ചണച്ചാക്ക് കൊണ്ട് മൂടുകയോ വെള്ളം തളിച്ചുകൊടുക്കുകയോ ചെയ്യാം. മുളച്ച വിത്ത് മൂന്നാം ദിവസം തന്നെ വിതയ്ക്കണം; താമസിച്ചാൽ ഞാറിന്റെ കരുത്ത് കുറയും.

🍅 പച്ചക്കറി കൃഷിയും പരിചരണവും

  • വിരിപ്പ് കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ കുമ്മായവും ജൈവവളങ്ങളും ചേർത്ത് നിലം ഉഴുത് രണ്ടാഴ്ചയെങ്കിലും വെറുതെ ഇടുന്നത് മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. മുണ്ടകൻ കൃഷി ഇറക്കാത്ത സ്ഥലങ്ങളിൽ പച്ചക്കറികൾ നടാം.
  • മുളക്, വഴുതിന, തക്കാളി എന്നിവയുടെ വിത്ത് പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകൾ വൈകുന്നേരങ്ങളിൽ നടുന്നതാണ് നല്ലത്. പാവൽ, പടവലം, വെള്ളരി, കുമ്പളം, മത്തൻ, വെണ്ട എന്നിവയുടെ വിത്ത് നേരിട്ട് കുത്താം.
  • കുരുടിപ്പ് രോഗം: പച്ചക്കറിയിലെ കുരുടിപ്പ് നിയന്ത്രിക്കുന്നതിന് വേപ്പെണ്ണ-വെളുത്തുള്ളി സോപ്പ് മിശ്രിതം ഉപയോഗിക്കാം. ഒപ്പം മണ്ണിൽ വേപ്പിൻപിണ്ണാക്ക് ചേർക്കുകയും വേണം.

🥥 തെങ്ങ്, ഇഞ്ചി, ജാതി കൃഷികൾ

  • തെങ്ങ്: തെങ്ങിൻ തോപ്പിൽ ഇടയിളക്കുന്നത് കളകളെ നിയന്ത്രിക്കാനും തുലാമഴ വെള്ളം മണ്ണിലിറങ്ങാനും സഹായിക്കും. കൂമ്പോലയ്ക്ക് ചുറ്റുമുള്ള ഓലകൾ മഞ്ഞളിക്കുന്നത് കൂമ്പുചീയൽ രോഗത്തിന്റെ ലക്ഷണമാണ്. കേടുവന്ന ഭാഗങ്ങൾ വെട്ടിമാറ്റി ബോർഡോ കുഴമ്പ് പുരട്ടി, വെള്ളം ഇറങ്ങാതിരിക്കാൻ വാവട്ടമുള്ള മൺചട്ടി കൊണ്ട് മൂടിവയ്ക്കുക.
  • ഇഞ്ചി: മൂടുചീയൽ രോഗം നിയന്ത്രിക്കാൻ അഴുകിയ മൂട് പിഴുതുമാറ്റി 1% ബോർഡോമിശ്രിതം ഒഴിച്ചുകൊടുക്കുക. ട്രൈക്കോഡെർമ്മയോ സ്യൂഡോമോണാസോ മണ്ണിൽ ചേർക്കുന്നതും നല്ലതാണ്.
  • ജാതി: മഴക്കാലത്തെ കായ്‌അഴുകൽ, ഇലപൊഴിച്ചിൽ എന്നിവ തടയാൻ 2 കിലോ ട്രൈക്കോഡർമ, 90 കിലോ ചാണകപ്പൊടി, 10 കിലോ വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത് രണ്ടാഴ്ച വച്ച മിശ്രിതത്തിൽ നിന്ന് 2.5 കിലോ വീതം ഓരോ ചെടിക്കും നൽകുക. ഒരു മാസത്തിന് ശേഷം 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.
📢 കർഷകർക്കുള്ള പ്രത്യേക അറിയിപ്പുകൾ:
  • മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്ററിൽ കാർഷിക പ്രസിദ്ധീകരണങ്ങളും 'കല്പധേനു' മാസികയും വില്പനയ്ക്കുണ്ട് (ഇവ ആമസോൺ വഴിയും ലഭ്യമാണ്).
  • ഇവിടെയുള്ള ഭക്ഷ്യ സംസ്കരണശാലയിൽ പഴങ്ങളും പച്ചക്കറികളും ഉപഭോക്താവിന്റെ ആവശ്യാനുസരണം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി നൽകുന്നതാണ്.
  • കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8547070773, 0487 2370773

Post a Comment

أحدث أقدم