🌴 തെങ്ങിൻ തോട്ടങ്ങളിലെ ഇടവിളകൾ: വരുമാനം കൂട്ടാൻ 'ബഹുനില-ബഹുവിള' സമ്മിശ്ര കൃഷി
കേരളത്തിൽ തെങ്ങ് കൃഷി ചെയ്യുന്നത് ഏറിയ കൂറും ചെറുകിട കർഷകരാണ്. അതായത് അഞ്ച് ഏക്കറിൽ താഴെ കൃഷിഭൂമി ഉള്ളവർ. തെങ്ങ് ഒരു 'വല്യേട്ടൻ' ആയത് കൊണ്ട് കൂടെ ഉള്ള എല്ലാ വിളകളും വളർന്നു വരുന്നതിന് സർവ്വപിന്തുണയും നൽകും. തെങ്ങിൻ തോട്ടത്തിൽ നിന്നുള്ള അറ്റാദായം വർധിപ്പിക്കാൻ ഉള്ള ഒരു വഴിയാണ്, ഒരേയൊരു വഴിയാണ് 'ബഹുനില-ബഹുവിള സമ്മിശ്ര കൃഷി' (Multi Species Multi Tier Cropping System) സമ്പ്രദായം.
🏢 തെങ്ങിൻ തോട്ടത്തെ ഒരു നാല് നില കെട്ടിടമാക്കാം
- തെങ്ങിൻ തോട്ടത്തെ ഒരു നാല് നില കെട്ടിടത്തോടുപമിച്ചാൽ ഏറ്റവും മുകളിലത്തെ നില തെങ്ങും, തൊട്ട് താഴെയുള്ള മൂന്നാം നിലയായി തെങ്ങിൽ പടർത്തിയ കുരുമുളകും, രണ്ടാം നിലയായി രണ്ടു വരി തെങ്ങുകൾക്കിടയിൽ നട്ട് പിടിപ്പിച്ച കൊക്കോയും വാഴയും വളർത്താം.
- ഗ്രൗണ്ട് ഫ്ലോർ ആയി തീറ്റപ്പുല്ലോ പൈനാപ്പിളോ ഇഞ്ചിയോ മഞ്ഞളോ ഒക്കെ വളർത്തി ആദായം വർധിപ്പിക്കുന്ന രീതിയാണിത്.
- അന്തരീക്ഷത്തിലെ ഓരോ തട്ടിൽ നിന്നും അതത് വിളകൾ അവർക്ക് ആവശ്യമായ സൂര്യപ്രകാശം പ്രയോജനപ്പെടുത്തിക്കൊള്ളും. മണ്ണിന്റെ ഓരോ അടരുകളിൽ നിന്നും വളർച്ചാമൂലകങ്ങളും അവർ എടുക്കും.
- പല വിളകളുടെ പരിചരണത്തിനായി തോട്ടത്തിൽ ഇടയ്ക്കിടെ ആളനക്കം ഉണ്ടാകുമ്പോൾ കീടങ്ങളും കുറയൊക്കെ അകന്നുനിൽക്കും.
☀️ വെയിലും വളവും പങ്കിട്ടെടുക്കുന്ന വല്യേട്ടൻ
- പഠനങ്ങൾ സൂചിപ്പിക്കുന്നത് തെങ്ങിന് തോട്ടത്തിൽ പതിയ്ക്കുന്ന ആകെ വെയിലിന്റെ 44% മാത്രം മതിയെന്നാണ്. ബാക്കി 56% വെയിലും സഹവിളകൾ (Companion crops) പങ്കിട്ടെടുക്കും.
- തെങ്ങിന്റെ ചുവട്ടിൽ നിന്നും രണ്ട് മീറ്റർ വ്യാസാർദ്ധത്തിൽ ഉള്ള തടത്തിൽ നിന്നാണ് തെങ്ങ് ഏറെയും വളം വലിച്ചെടുക്കുന്നത്. അതായത് തോട്ടത്തിന്റെ ഏതാണ്ട് 27 ശതമാനം സ്ഥലത്തു മാത്രമേ തെങ്ങിന്റെ സജീവവേരുകൾ (Active roots) ഉള്ളൂ.
- ബാക്കി സ്ഥലം മുഴുവൻ ആ വല്യേട്ടൻ മറ്റുള്ള വിളകൾക്കായി ദയയോടെ മാറ്റി വയ്ക്കുന്നു. അതുകൊണ്ട് തെങ്ങിൻ തോട്ടത്തിൽ ശാസ്ത്രീയമായി ഇടവിളകൾ ചെയ്യുന്നില്ലെങ്കിൽ അത് കർഷകൻ തന്നോട് തന്നെ ചെയ്യുന്ന ഒരു പാതകമാണ്.
📏 നടീൽ രീതികളും അകലവും
- ഇടവിളകൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ തെങ്ങ് നടുമ്പോൾ തന്നെ ഇടയകലം അല്പം പരിഷ്കരിക്കുന്നതിൽ തെറ്റില്ല.
- സാധാരണ തെങ്ങ് നടുന്നത് സമചതുര രീതിയിൽ 7.5m x 7.5m അകലത്തിലാണ്. എന്നാൽ കൊക്കോയോ കാപ്പിയോ മറ്റോ ഇടവിളയായി നടാൻ ഉദ്ദേശിക്കുന്നു എങ്കിൽ 10m x 5m, 12m x 5m, 15m x 5m എന്നീ അകലങ്ങൾ പരീക്ഷിക്കാവുന്നതാണ്.
- 15m x 5m അകലത്തിൽ നടുമ്പോൾ ദീർഘ ചതുരാകൃതിയിൽ വരിയിലെ അടുത്തടുത്ത രണ്ട് തെങ്ങുകൾ തമ്മിൽ 15 മീറ്ററും ഒരു നിരയിലെ തെങ്ങുകൾ തമ്മിൽ 5 മീറ്ററും അകലം നൽകാം (ദീർഘ ചതുരത്തിന്റെ വീതി കൂടിയ ഭാഗങ്ങൾ തെക്ക് വടക്ക് ദിശയിൽ വരുന്നത് കൂടുതൽ അഭികാമ്യം).
🌶️ തെങ്ങിൽ എങ്ങനെ ശാസ്ത്രീയമായി കുരുമുളക് പടർത്താം?
- തെങ്ങ് ഏതാണ്ട് ഒൻപത് മീറ്റർ വളർന്നതിന് ശേഷം കുരുമുളക് കയറ്റി തുടങ്ങുന്നതാണ് നല്ലത്. കുരുമുളക് കൊടിയ്ക്ക് വേണ്ടത്ര വെയിൽ കിട്ടാനും പരാഗണം നടക്കാനും ഇത് സഹായിക്കും.
- വേനൽ വരുമ്പോൾ ക്ഷീണം കാണിക്കുന്ന വിളയായതിനാൽ അൽപസ്വല്പം നനയ്ക്കാനും നന്നായി പുതയിടാനും കഴിയണം.
- തെങ്ങിന്റെ ചുവട്ടിൽ നിന്നും ഒന്നര - ഒന്നേമുക്കാൽ മീറ്റർ വിട്ട്, രണ്ടടി നീളം വീതി ആഴമുള്ള കുഴിയെടുത്തു അടിവളങ്ങൾ ചേർത്ത് നടാം (തെങ്ങിന്റെ വടക്ക് ഭാഗമാണ് നടാൻ അനുയോജ്യം).
- നിലത്തു പടരുന്ന വള്ളികളുടെ തണ്ടിൽ മണ്ണിട്ട് മൂടി അതിന് മുകളിൽ കല്ലോ ഇഷ്ടികയോ നീളത്തിൽ വച്ചു, തെങ്ങിന് തടം എടുക്കുമ്പോൾ കുരുമുളക് വള്ളി പോയ ഭാഗം കിളയ്ക്കാത്ത രീതിയിൽ സംരക്ഷിക്കണം.
- തെങ്ങിൽ പടരുന്ന കുരുമുളക് കൊടിയുടെ ഉയരം അഞ്ച് - ആറ് മീറ്ററായി നിജപ്പെടുത്തുന്നതാണ് വിളവെടുക്കാൻ ഉചിതം.
- വളം ചെയ്യുമ്പോൾ തെങ്ങിനും കുരുമുളകിനും വെവ്വേറെ വളം കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
💡 വാൽകഷ്ണം:
കേരളത്തിൽ ഏതെങ്കിലും ഒരു വിള കൃഷി കൊണ്ട് മാത്രം കഴിഞ്ഞു പോകാൻ പ്രയാസമാണ്. അതിന് വിലത്തകർച്ച വന്നാൽ? ആയതിനാൽ തെങ്ങധിഷ്ഠിത ബഹുനില-ബഹുവിള സമ്മിശ്ര കൃഷി തന്നെ ശരണം. ഒന്നിൽ പിഴച്ചാൽ മൂന്നെണ്ണം വേറെ.
വിവരങ്ങൾക്ക് കടപ്പാട്: പ്രമോദ് മാധവൻ
#CoconutFarming #Intercropping #MultiTierCropping #KeralaAgriculture #PepperCultivation #MixedFarming

إرسال تعليق