🌴 മൂട്ടിൽ കൊടുത്താലേ മണ്ടയിൽ ഉണ്ടാകൂ: തെങ്ങുകൃഷിയിൽ അറിഞ്ഞിരിക്കേണ്ട വളപ്രയോഗ രഹസ്യങ്ങൾ
ഒരുഗതിയും പരഗതിയും ഇല്ലാത്തവന്റെ അവസാന അഭയസ്ഥാനമല്ല കൃഷി. കൃഷി എന്നത് ആസൂത്രിതമായി, ശാസ്ത്രീയമായി, സമയബന്ധിതമായി ചെയ്യേണ്ട ഒരു സൃഷ്ടികർമ്മമാണ്. അതിൽ ഹൃദയവും തലച്ചോറും ഒരുപോലെ പ്രവർത്തിക്കണം. കേരളത്തിലെ തെങ്ങുകളുടെ ഉൽപാദനക്ഷമത കുറയുന്നതിന്റെ കാരണം തേടി അലയേണ്ടതില്ല; തെങ്ങെന്ന ദീർഘകാല വൃക്ഷവിളയുടെ ജീവശാസ്ത്രപരമായ ആവശ്യകത മനസ്സിലാക്കി അതിനെ പരിപാലിക്കാൻ നാം കാണിക്കുന്ന വിമുഖതയാണ് കുറഞ്ഞ ഉത്പാദനക്ഷമതയ്ക്ക് പ്രധാന കാരണം.
🥥 ഒരു തേങ്ങ രൂപപ്പെടാൻ വേണ്ടത് 17 മൂലകങ്ങൾ!
- ഒരു തേങ്ങ രൂപപ്പെട്ടു വരാൻ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം കാൽസ്യം, മെഗ്നീഷ്യം, സൾഫർ, ബോറോൺ, സിങ്ക്, കാർബൺ തുടങ്ങിയ പതിനേഴോളം മൂലകങ്ങൾ ചെടി വലിച്ചെടുക്കേണ്ടതുണ്ട്.
- ഓരോ മാസവും ഓരോ ഓലയും അതിനോടൊപ്പം ഓരോ പൂങ്കുലയും ഉണ്ടാകുന്ന മരമാണ് തെങ്ങ്. നന്നായി വെള്ളവും വളവും കൊടുത്താൽ വർഷത്തിൽ പന്ത്രണ്ട് ഓലയും അത്ര തന്നെ കുലകളും ലഭിക്കും.
- പരിചരണം കുറഞ്ഞാൽ കുലകളുടെയും ഓലകളുടെയും എണ്ണം കുറയും. ആയതിനാൽ തെങ്ങിന്റെ തടത്തിൽ എപ്പോഴും അതിന് ആവശ്യമായ പോഷകങ്ങളും ഈർപ്പവും സൂക്ഷ്മജീവികളും ഉണ്ടാകേണ്ടതുണ്ട്.
🌱 ശാസ്ത്രീയമായ വളപ്രയോഗം പ്രധാനം
- ഈ മൂലകങ്ങൾ മണ്ണിൽ ഉണ്ടായിട്ട് മാത്രം കാര്യമില്ല, അത് കാര്യക്ഷമമായി തെങ്ങിന് വലിച്ചെടുക്കാനും കഴിയണം.
- അതുകൊണ്ടാണ് മണ്ണിന്റെ പി.എച്ച് (pH) ക്രമപ്പെടുത്തിയതിനു ശേഷം ജൈവവളപ്രയോഗവും, അതിനുശേഷം എൻ.പി.കെ (NPK) വളങ്ങളും, ദ്വിതീയ മൂലകങ്ങളും സൂക്ഷ്മ മൂലകങ്ങളും അടങ്ങിയ വളപ്രയോഗ രീതിയും അനുവർത്തിക്കാൻ പറയുന്നത്.
- എല്ലാ മാസവും തെങ്ങിന് വളം കൊടുക്കുന്നത് ഏറ്റവും നല്ല കാര്യമായിരിക്കും. കുറഞ്ഞത് മൂന്നുമാസം കൂടുമ്പോഴെങ്കിലും വളം കൊടുക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്.
- കാലവർഷം തുടങ്ങുന്നതിന് മുമ്പ് തന്നെ കുമ്മായപ്രയോഗവും ജൈവവള പ്രയോഗവും എൻ.പി.കെ വളപ്രയോഗവും നടത്തിയിട്ടുണ്ടാകണം. ഒക്ടോബർ-നവംബർ മാസങ്ങളിൽ തുലാവർഷം പെയ്തൊഴിയും മുൻപ് തന്നെ വീണ്ടും വളങ്ങളും ജൈവാവശിഷ്ടങ്ങളും തടത്തിലേക്ക് ചേർക്കണം.
🌴 നല്ല തെങ്ങിന് നാൽപ്പത് മടൽ
- നമ്മുടെ തെങ്ങുകൾക്ക് വേണ്ടത്ര എണ്ണം ഓലകളില്ല എന്നതാണ് കർഷകൻ ആദ്യം മനസ്സിലാക്കേണ്ടത്. "നല്ല തെങ്ങിന് നാൽപ്പത് മടൽ" എന്നാണ് പഴഞ്ചൊല്ല്.
- നിങ്ങളുടെ തെങ്ങിന് 20 ഓലകൾ ഉണ്ടെങ്കിൽ, അതിൽ 15 ഓലകളും ആ മരത്തെ നിലനിർത്താനുള്ള മെയിന്റനൻസിനു വേണ്ടി പണിയെടുക്കുന്നു എന്ന് പറയാം. ബാക്കി അഞ്ച് ഓലകൾ കൊണ്ട് കിട്ടുന്ന തേങ്ങയാണ് ആ തെങ്ങിന്റെ മണ്ടയിൽ ഉണ്ടാവുക.
- കൂടുതൽ ഓലകൾ ഉണ്ടാകാൻ, നല്ല വെയിൽ കിട്ടുന്ന സ്ഥലത്തായിരിക്കണം തെങ്ങ് നിൽക്കേണ്ടത്. മറ്റ് വൻമരങ്ങളുടെ വേരുകളുടെ അധിനിവേശം തടത്തിൽ ഉണ്ടാകാൻ പാടില്ല. ഒപ്പം ഡിസംബർ മുതൽ മെയ് വരെയുള്ള കാലത്ത് നനയുണ്ടാകണം.
💡 കൊടുത്താൽ കൊല്ലത്തും കിട്ടും:
10 നല്ല തേങ്ങയുടെ പൈസ ഉണ്ടെങ്കിൽ ഇന്നത്തെ നിലയ്ക്ക് ഒരു തെങ്ങിന്റെ പ്രാഥമിക, ദ്വിതീയ സൂക്ഷ്മ മൂലക ആവശ്യങ്ങൾ നമുക്ക് നിറവേറ്റാം. തെങ്ങിന്റെ 75 ശതമാനം പ്രശ്നങ്ങളും കൃത്യമായ വളപ്രയോഗത്തിലൂടെയും ജലസേചനത്തിലൂടെയും പരിഹരിക്കാൻ സാധിക്കും. മണ്ണിലുണ്ടെങ്കിലേ മരത്തിലും ഉണ്ടാകൂ എന്നത് നാം മനസ്സിലാക്കണം.
വിവരങ്ങൾക്ക് കടപ്പാട്: പ്രമോദ് മാധവൻ
#CoconutFarming #CoconutFertilizer #KeralaAgriculture #FarmingTips #SoilScience #PramodMadhavan

إرسال تعليق