👩🌾 'കൃഷി സഖി': വനിതാ കര്‍ഷകര്‍ക്ക് സ്വന്തം സംരംഭം തുടങ്ങാൻ 10 ലക്ഷം വരെ ധനസഹായം
കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന 'കൃഷി സഖി' (Krishi Sakhi) - വനിതാ കര്‍ഷക വികസന പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി. 2026 - 27 സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് 3.50 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ഈ പദ്ധതിയിലൂടെ വനിതാ കാർഷിക സംരംഭങ്ങൾക്കും കൂട്ടായ്മകൾക്കും മികച്ച പ്രോത്സാഹനമാണ് ലഭിക്കുന്നത്.
🎯 പദ്ധതിയുടെ ലക്ഷ്യവും പശ്ചാത്തലവും
- സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കേരള വികസന റിപ്പോര്‍ട്ട് 2026 പ്രകാരം സംസ്ഥാനത്ത് 99,259 സജീവ വനിതാ കര്‍ഷക സംഘങ്ങളിലായി 4,52,912 വനിതകള്‍ 51,883 ഏക്കര്‍ പാട്ടഭൂമിയില്‍ കൃഷി ചെയ്യുന്നുണ്ട്.
- എന്നാല്‍ ഇവരില്‍ വലിയൊരു വിഭാഗം പ്രതിഫലം ലഭിക്കാത്ത കുടുംബ തൊഴിലാളികളായി തുടരുന്നു.
- ഈ സാഹചര്യത്തിലാണ് ഇത്തരം കാർഷിക ഗ്രൂപ്പുകളിലുള്ള വനിതകളെ വൈദഗ്ധ്യമുള്ള കാര്‍ഷിക സംരംഭകരാക്കി (Agri-entrepreneurs) മാറ്റാന്‍ 'കൃഷി സഖി' വിഭാവനം ചെയ്തിട്ടുള്ളത്.
👥 ആർക്കൊക്കെ അപേക്ഷിക്കാം? തിരഞ്ഞെടുപ്പ് എങ്ങനെ?
- 5 മുതല്‍ 20 വരെ അംഗങ്ങളുള്ള വനിതാ കര്‍ഷക സംഘങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ പിന്തുണ ലഭിക്കുക.
- സംസ്ഥാനത്താകെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന 300 വനിതാ കര്‍ഷക സംഘങ്ങളെയാണ് ഈ വര്‍ഷം തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഗ്രൂപ്പുകൾക്ക് ആവശ്യമായ പരിശീലനവും നൽകും.
- ഓരോ കൃഷിഭവനും ഒരു സംഘത്തെ കണ്ടെത്തി നല്‍കണം. ഒരു ബ്ലോക്കില്‍ നിന്ന് പരമാവധി 4 ഗ്രൂപ്പുകളെയും, ഒരു ജില്ലയില്‍ നിന്ന് 26 ഗ്രൂപ്പുകളെയും സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി ശുപാര്‍ശ ചെയ്യും. ബ്ലോക്ക്, ജില്ലാ, സംസ്ഥാനതല സമിതികളുടെ പരിശോധനയ്ക്ക് ശേഷമാകും അന്തിമ തിരഞ്ഞെടുപ്പ്.
💰 ലഭിക്കുന്ന ധനസഹായവും ആനുകൂല്യങ്ങളും
- ഏറ്റവും കുറഞ്ഞത് 0.50 ഹെക്ടറില്‍ (ഏകദേശം ഒന്നര ഏക്കർ) കൃഷി ചെയ്യുന്ന വനിതാ കാര്‍ഷിക ഗ്രൂപ്പുകൾക്കാണ് ധനസഹായം ലഭ്യമാകുക.
- ഗ്രൂപ്പുകൾ തയ്യാറാക്കി സമര്‍പ്പിക്കുന്ന പദ്ധതി രേഖയുടെ (Project Report) 75 ശതമാനമോ പരമാവധി 10 ലക്ഷം രൂപയോ ധനസഹായമായി ലഭിക്കും.
- തേങ്ങ, സുഗന്ധവ്യഞ്ജനം, പഴം, പച്ചക്കറി, ചെറുധാന്യം, തേന്‍, കൂണ്‍, പാല്‍, മുട്ട, മത്സ്യം തുടങ്ങിയവയുടെ മൂല്യവർദ്ധനവിനും വിപണനത്തിനും സർക്കാർ പിന്തുണ നൽകും.
- ഉൽപ്പന്നങ്ങൾ വൃത്തിയാക്കല്‍, ഗ്രേഡിംഗ്, ഉണക്കല്‍, പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, സംഭരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഈ തുക വിനിയോഗിക്കാം.
💡 എങ്ങനെ അപേക്ഷിക്കാം? അവസാന തീയതി:
പദ്ധതിയുടെ ഭാഗമാവാന്‍ ആഗ്രഹിക്കുന്ന വനിതാ കര്‍ഷക സംഘങ്ങള്‍ ഒക്ടോബര്‍ 31-നുള്ളിൽ അതാത് കൃഷിഭവനുകളിൽ അപേക്ഷ നൽകേണ്ടതാണ്. കാർഷിക സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് ഇതൊരു സുവർണ്ണാവസരമാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
#KrishiSakhi #WomenFarmers #KeralaAgriculture #AgriEntrepreneurs #KrishiBhavan #KeralaBudget2026 #FarmingSubsidyKerala

إرسال تعليق