💧 ചെടികൾക്ക് നന: കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്; അറിയേണ്ട കാര്യങ്ങൾ
ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലപ്പോഴും കൃഷിത്തോട്ടം കൃത്യമായി നനയ്ക്കാൻ നമുക്ക് സാധിക്കാറില്ല. അത്തരം സന്ദർഭങ്ങളിൽ നന കുറഞ്ഞുപോയാൽ ചെടികൾക്ക് എന്തു സംഭവിക്കും എന്ന ആശങ്ക സ്വാഭാവികമായും നമ്മളെ അലട്ടാറുണ്ട്. കൃഷിയിൽ ചെടികളുടെ വളർച്ചയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഒന്നാണ് നന. ചെടിയുടെ ഇനം, പ്രായം, മണ്ണിന്റെ സ്വഭാവം, കാലാവസ്ഥ എന്നിവ അനുസരിച്ച് വെള്ളത്തിന്റെ ആവശ്യം മാറും. വെള്ളം കൂടിയാലും കുറഞ്ഞാലും അത് ചെടികളുടെ വളർച്ചയെ ബാധിക്കും.
🌱 ഓരോ ചെടിക്കും എത്ര വെള്ളം വേണം?
- ചീര, കാബേജ്, തക്കാളി, മുളക്, വെണ്ട തുടങ്ങിയ പച്ചക്കറികൾക്ക് മണ്ണിൽ എപ്പോഴും ആവശ്യത്തിന് ഈർപ്പം വേണം.
- തക്കാളി, വഴുതന, വെള്ളരി തുടങ്ങിയവ പൂക്കുന്ന സമയത്തും കായ്ക്കുന്ന സമയത്തും വെള്ളത്തിന്റെ കുറവ് ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം.
- മാവ്, പ്ലാവ്, പേര തുടങ്ങിയ വലിയ ഫലവൃക്ഷങ്ങൾക്ക് ആഴത്തിലുള്ള വേരുകളുള്ളതിനാൽ ഇടയ്ക്കിടെ വെള്ളം നൽകേണ്ട ആവശ്യം കുറവായിരിക്കും. കറ്റാർവാഴ പോലെയുള്ളവയ്ക്ക് വളരെ കുറച്ച് വെള്ളം മതി.
- ഗ്രോബാഗിലും ചട്ടിയിലും വളർത്തുന്ന ചെടികൾക്ക് മണ്ണ് വേഗത്തിൽ ഉണങ്ങുന്നതിനാൽ തുറസ്സായ മണ്ണിലുള്ളതിനേക്കാൾ കൂടുതൽ തവണ വെള്ളം നൽകേണ്ടിവരും.
🥀 വെള്ളം കുറഞ്ഞാലും കൂടിയാലും എന്ത് സംഭവിക്കും?
- വെള്ളം കുറഞ്ഞാൽ: ഇലകൾ വാടുക, അറ്റം ഉണങ്ങുക, വളർച്ച മന്ദഗതിയിലാകുക, പൂക്കളും കായ്കളും കൊഴിഞ്ഞുപോകുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. തക്കാളി പോലുള്ളവയിൽ വെള്ളത്തിന്റെ ലഭ്യതയിലുണ്ടാകുന്ന വ്യത്യാസങ്ങൾ കായ്കൾ പൊട്ടാൻ കാരണമാകും.
- വെള്ളം കൂടിയാൽ: അമിതമായി വെള്ളം നൽകിയാൽ മണ്ണിലെ വായുസഞ്ചാരം കുറയുകയും വേരുകൾ ചീഞ്ഞുപോകുകയും ചെയ്യാം. ഇലകൾ മഞ്ഞനിറമാകാനും ചെടി നശിച്ചുപോകാനും ഇത് കാരണമാകും.
💦 ഇലകളുടെ മുകളിലൂടെ വെള്ളം ഒഴിക്കാമോ?
- കുരുമുളക് പോലുള്ള ചെടികളിൽ തിരിയിടുന്ന സമയത്ത് ഇലകൾക്കും തിരികൾക്കും മീതെ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുന്നത് പൂമ്പൊടി ഒഴുകി പരാഗണം വേഗത്തിലാക്കാൻ സഹായിക്കും.
- ഓർക്കിഡ്, ആന്തൂറിയം, ഫേൺ എന്നിവയ്ക്ക് ഇലകളിൽ നനയ്ക്കുന്നത് വളർച്ച കൂട്ടും.
- എന്നാൽ തക്കാളി, വഴുതന, പയർ, വെള്ളരി, റോസ് തുടങ്ങിയ ചെടികളിൽ ഇലകളിൽ തുടർച്ചയായി വെള്ളം വീണാൽ പരാഗണം തടസ്സപ്പെടാനും, ഇലപ്പുള്ളി, പൂപ്പൽ ബാധ തുടങ്ങിയ കുമിൾ രോഗങ്ങൾ പടരാനും ഇടയാക്കും. ഇത്തരം ചെടികൾക്ക് ചുവട്ടിൽ മാത്രം നനയ്ക്കുക.
രാവിലെ സൂര്യൻ ശക്തമാകുന്നതിന് മുമ്പ് (6 മണി മുതൽ 9 മണി വരെ) വെള്ളം നൽകുന്നതാണ് ഏറ്റവും നല്ലത്. ഈ സമയത്ത് മണ്ണിന് വെള്ളം എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയും. വൈകുന്നേരവും നനയ്ക്കാം; എന്നാൽ ഇലകൾ രാത്രി മുഴുവൻ നനഞ്ഞുകിടക്കാതിരിക്കാൻ ശ്രദ്ധിക്കുക. മണ്ണിൽ വിരൽ ഒന്നോ രണ്ടോ ഇഞ്ച് ആഴത്തിൽ ഇറക്കി ഈർപ്പം പരിശോധിച്ച ശേഷം മാത്രം ആവശ്യത്തിന് വെള്ളം നൽകുക. കരിയിലയോ പുല്ലോ ഉപയോഗിച്ച് പുതയിടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.

إرسال تعليق