📱 സെൻസറുകൾ കാവലിരിക്കും, മൊബൈൽ നിയന്ത്രിക്കും: ഹൈടെക് കൃഷിയിലെ വിസ്മയവുമായി സിസിൽ ചന്ദ്രൻ
എത്ര വിസ്തൃതി കുറഞ്ഞ സ്ഥലത്തും ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെ വർഷം മുഴുവൻ ഉയർന്ന വിളവും ലാഭവും ഉറപ്പാക്കുന്ന നൂതന കൃഷിസമ്പ്രദായം വിജയകരമായി പ്രാവർത്തികമാക്കുകയാണ് തിരുവനന്തപുരം കുളത്തൂർ സ്വദേശി സിസിൽ ചന്ദ്രൻ. ഹൈടെക് ഫാമിങ് എന്ന ആധുനിക കൃഷിസങ്കേതത്തിന്റെ ഈ പ്രയോക്താവിന്, സംസ്ഥാനത്തെ ഏറ്റവും മികച്ച ഹൈടെക് കർഷകനുള്ള സർക്കാരിന്റെ പുരസ്കാരം രണ്ടാം തവണയും ലഭിച്ചു കഴിഞ്ഞു.
🌱 വൈവിധ്യമാർന്ന വിളവിന്യാസം
- ജീവിതത്തിൽ വഴിത്തിരിവായത് ഏതാണ്ട് ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് പോളിഹൗസ് തീർത്തതാണെന്ന് അദ്ദേഹം പറയുന്നു. ഇതിൽ സാലഡ് വെള്ളരി, കാപ്സിക്കം, പാവൽ, വെണ്ട, കാബേജ്, ബ്രോക്കോളി, ബീറ്റ്റൂട്ട്, പടവലം, മുളക്, പയർ തുടങ്ങി വൈവിധ്യമാർന്ന പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
- ഇതിന് പുറമെ 10 ഏക്കറിലെ നെൽക്കൃഷിക്ക് ഒപ്പം, കുളത്തൂർ നെല്ലിക്കോണം ഏലായിൽ തരിശിട്ടിരുന്ന 25 ഏക്കർ സ്ഥലത്തുകൂടി പുതുതായി നെൽക്കൃഷിയിറക്കി. ഒരേക്കറിൽ കപ്പയും മൂന്ന് ഏക്കറിൽ വാഴയുമുണ്ട്. കാലികൾക്കുള്ള തീറ്റപ്പുല്ലാണ് മറ്റൊരു മൂന്ന് ഏക്കറിലെ മുഖ്യവിള.
🏠 പോളിഹൗസിലെ ശാസ്ത്രീയ മണ്ണൊരുക്കൽ
- മണ്ണ് നന്നായി കിളച്ചു പരുവപ്പെടുത്തി ആവശ്യത്തിന് ചാണകപ്പൊടിയും മണ്ണിര കമ്പോസ്റ്റും ചേർത്ത് റോട്ടോവേറ്റർ കൊണ്ട് ഇളക്കി പുട്ടുപൊടിയുടെ പാകത്തിലാക്കുന്നു. തുടർന്ന് ഏഴ് ദിവസം വെള്ളം നനച്ചിടും. ഫോർമാൽഡിഹൈഡ് പരിചരണം നടത്തി, യു.വി. ഷീറ്റിട്ടു മൂടുന്നു.
- ഏഴു ദിവസം കഴിയുമ്പോൾ വെള്ളമൊഴിച്ചു മണ്ണിലെ ഫോർമാൽഡിഹൈഡ് അംശം കഴുകിക്കളയും. എന്നിട്ട് മണ്ണ് വീണ്ടും കിളച്ചൊരുക്കും.
- ഒരു ചതുരശ്ര മീറ്ററിന് ഒരു കിലോ വീതം കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, ഉങ്ങിന്റെ പിണ്ണാക്ക്, എല്ലുപൊടി എന്നിവ മണ്ണിൽ ചേർത്ത് ട്രൈക്കോഡെർമയും കൂടെ കലർത്തി തടമൊരുക്കിയാണ് നടീൽ തുടങ്ങുന്നത്.
- തുള്ളിനനയ്ക്കായി ഓരോ വിളയ്ക്കും ആവശ്യമാംവിധമാണ് ഡ്രിപ്പ് ലൈനുകൾ ക്രമീകരിച്ചത്. ഓരോ വരിക്കും 30 മീറ്റർ നീളമുണ്ടാകും. കാപ്സിക്കത്തിനാണെങ്കിൽ 45 സെൻ്റീമീറ്റർ അകലത്തിലാണ് ഡ്രിപ്പ് ലൈൻ ഇട്ടു പ്രത്യേക വാൽവുകൾ ഘടിപ്പിച്ചിട്ടുള്ളത്.
📲 നിയന്ത്രണം മൊബൈൽ ഫോണിലൂടെ
- ഓട്ടോമേഷൻ സാങ്കേതികവിദ്യയിലൂടെ (Automation Technology) പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതാണ് പോളിഹൗസിൻ്റെ ഏറ്റവും വലിയ സവിശേഷതയും നേട്ടവും. സി-ഡാക്കിൻ്റെ (C-DAC) സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.
- പോളിഹൗസിൽ സ്ഥാപിച്ച സെൻസർ യൂണിറ്റ് വഴിയാണ് നിയന്ത്രണം. ഇതിലൂടെ വെള്ളം, വായു, താപനില, ആർദ്രത എന്നിവയെല്ലാം ക്രമീകരിക്കാം.
- മൊബൈൽ ഫോണിലെ ആപ്പിലൂടെ ഇവയെല്ലാം അറിയാനും നിയന്ത്രിക്കാനും കഴിയും. ഇവയിൽ എന്തെങ്കിലും കുറവുവന്നാൽ അപ്പോൾ മുന്നറിയിപ്പു വരും. അതനുസരിച്ചു പ്രശം പരിഹരിക്കാം.
- തുറസായ കൃഷിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറച്ചു വെള്ളം മാത്രമേ പോളിഹൗസ് കൃഷിയിൽ ഉപയോഗിക്കുന്നുള്ളൂ.
🐄 കൃഷിക്കൊപ്പം മറ്റ് ഉപസംരംഭങ്ങളും
- ആട്, പശു, കോഴി, താറാവ് തുടങ്ങിയവയും അദ്ദേഹം വളർത്തുന്നുണ്ട്. പശുക്കളിൽ വെച്ചൂരും കാസർകോട് കുള്ളനുമുണ്ട്.
- പാലിനുപുറമേ പാലുമായി ബന്ധപ്പെട്ട അഞ്ചു ഉത്പന്നങ്ങളിൽനിന്ന് പഞ്ചഗവ്യവും തയ്യാറാക്കി വിൽക്കുന്നു. ചാണകം ഉണക്കി പാക്കറ്റുകളിലാക്കി വിൽക്കുന്നുണ്ട്.
- കരിങ്കോഴി, സ്വർണധാര കോഴികൾ ഉൾപ്പെടുന്നതാണ് കോഴിവളർത്തൽ യൂണിറ്റ്. കോഴിമുട്ടയുടെ വിൽപ്പനയുമുണ്ട്.
#HiTechFarming #PolyhouseFarming #SmartAgriculture #KeralaFarmers #C_DAC #Automation
إرسال تعليق